This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രോം സ്റ്റീല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രോം സ്റ്റീല്‍

ഉരുക്കു നിര്‍മാണത്തിനുള്ള അംഗീകൃത മാര്‍ഗത്തിലൂടെ ക്രോമിയം ലോഹം ചേര്‍ത്തു നിര്‍മിച്ച അലോയ് സ്റ്റീല്‍. ഇതില്‍ ഇരുമ്പ്, കാര്‍ബണ്‍ എന്നിവയ്ക്കു പുറമേ 0.2 മുതല്‍ 1.6 ശതമാനം വരെ ക്രോമിയമാണ് സാധാരണ കാണുന്നത്. എന്നാല്‍ കടുത്ത ചൂടും തേയ്മാനവും ചെറുത്തുനില്‍ക്കാന്‍ കഴിവുള്ളവയും തുരുമ്പിക്കാത്തവയുമായ സ്റ്റീലുകള്‍ നിര്‍മിക്കാന്‍ ക്രോമിയത്തിന്റെ അളവു വളരെ വര്‍ധിപ്പിക്കേണ്ടിവരും. ഉദാ. 12-15 ശതമാനം ക്രോമിയമുള്ള സ്റ്റെയിന്‍ലസ് സ്റ്റീല്‍.

ഇരുമ്പിന്റെ ക്രോമിയം അലകള്‍ വളരെ പ്രധാനപ്പെട്ടവയാണ്. ക്രോമിയത്തിന്റെ സാന്നിധ്യംകൊണ്ട് സ്റ്റീലിനു കൂടുതല്‍ ഈടും കടുപ്പവും ഇലാസ്തികതയും ലഭിക്കുന്നു. ക്രോം സ്റ്റീലുകള്‍ വായുവില്‍ തുറന്നിരുന്നാല്‍ സ്വയം ദൃഢീകരിച്ചുകൊള്ളും. സാധാരണ ഉരുക്കു മുറിക്കുമ്പോള്‍ കിട്ടുന്നതിനെക്കാള്‍ മിനുസമേറിയ പ്രതലമാണ് ക്രോംസ്റ്റീല്‍ മുറിക്കുമ്പോള്‍ കിട്ടുന്നത്. വാര്‍ത്തെടുക്കേണ്ട ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ 15 ശതമാനം ക്രോമിയം അടങ്ങിയ സ്റ്റീലാണ് ഉപയോഗിക്കുക. കുഴല്‍ക്കിണറുകള്‍ കുഴിക്കാന്‍ വേണ്ട തമരുകളും പാത്രങ്ങളും നിര്‍മിക്കുന്നത് 0.5 ശതമാനം ക്രോമിയവും 0.5 ശതമാനം കാര്‍ബണും അടങ്ങിയ സ്റ്റീല്‍ ഉപയോഗിച്ചാണ്. ദാര്‍ഢ്യപ്പെടുത്തിയാല്‍ ഇതു മറ്റിനം സ്റ്റീലുകളെക്കാള്‍ കടുപ്പമുള്ളതായിത്തീരുന്നു. ഒരു ശതമാനം ക്രോമിയം അടങ്ങിയ ഹൈകാര്‍ബണ്‍ സ്റ്റീലുകള്‍ ബോള്‍ ബിയറിങ്ങുകള്‍, റോളര്‍ ബിയറിങ്ങുകള്‍, പാറപൊടിക്കല്‍ യന്ത്രങ്ങള്‍ എന്നിവ നിര്‍മിക്കാനുപയോഗിക്കുന്നു. ക്രോമിയത്തിന്റെ അളവു കുറഞ്ഞ സ്റ്റീലുകളെത്തന്നെ നല്ലവണ്ണം പതംകാച്ചി എടുത്താല്‍ യന്ത്രങ്ങളില്‍വച്ച് ഇഷ്ടംപോലെ രൂപപ്പെടുത്തി എടുക്കാന്‍ കഴിയും. യന്ത്രഭാഗങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന പ്ലെയിന്‍ സ്റ്റീലുകളുടെയും അലോയ് സ്റ്റീലുകളുടെയും ഗുണനിലവാരം SAE നാമകരണപദ്ധതി ഉപയോഗിച്ചാണ് സൂചിപ്പിക്കുന്നത്. ഇതനുസരിച്ച് 50, 51 എന്നീ സംഖ്യകള്‍കൊണ്ടു സൂചിപ്പിക്കുന്ന SAE സ്റ്റീലുകളെല്ലാം ക്രോമിയം സ്റ്റീലുകളായിരിക്കും. ഇവയില്‍ 51 എന്ന സംഖ്യയുള്ള സ്റ്റീലുകളില്‍ ക്രോമിയത്തിന്റെ അളവു താരതമ്യേന കൂടുതലായിരിക്കും.

ക്രോമിയത്തോടൊപ്പം നിക്കല്‍ തുടങ്ങിയ മറ്റു ലോഹങ്ങളും അടങ്ങിയ അലോയ് സ്റ്റീലുകള്‍ നിര്‍മിക്കാനാണ് ക്രോമിയത്തിന്റെ സിംഹഭാഗവും ഉപയോഗിക്കുന്നത്. ക്രോമിയത്തിന്റെ സാന്നിധ്യം ഈ സ്റ്റീലുകള്‍ക്ക് കൂടുതല്‍ കടുപ്പവും ബലവും പ്രദാനം ചെയ്യുന്നു. ഈ സ്റ്റീലുകള്‍ മറ്റു ക്രോംസ്റ്റീലുകളോടൊപ്പം വാഹനങ്ങളുടെ യന്ത്രഭാഗങ്ങളും പ്രതിരോധത്തകിടുകളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. വിശേഷപ്പെട്ട അരങ്ങള്‍ നിര്‍മിക്കാന്‍ ക്രോം സ്റ്റീല്‍ കൂടിയേ തീരൂ. ദ്രവരൂപത്തിലിരിക്കുന്ന ഉരുക്കില്‍ 10.4 ശതമാനം കാര്‍ബണ്‍, 31.4 ശതമാനം ഇരുമ്പ്, 58.2 ശതമാനം ക്രോമിയം എന്നിവ അടങ്ങിയ ഫെറോ ക്രോം എന്ന സങ്കരലോഹം ആവശ്യാനുസരണം ചേര്‍ത്താണ് അനുയോജ്യമായ ഘടനയുള്ള ക്രോം സ്റ്റീല്‍ ഉത്പാദിപ്പിക്കുന്നത്. ഹെറൈറ്റ് പരല്‍ ഘടനയുള്ള ക്രോം സ്റ്റീലുകളും മാര്‍ട്ടെന്‍സൈറ്റ് പരല്‍ ഘടനയുള്ള ക്രോം സ്റ്റീലുകളുമുണ്ട്. ഇവയില്‍ മാര്‍ട്ടെന്‍സൈറ്റിക് ക്രോം സ്റ്റീലുകള്‍ ഫെറോ മാഗ്നറ്റിക്കാണ്. നോ. ക്രോമിയം

(എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍